Kerala
ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്.
എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സാമുദായിക ഐക്യത്തിന് അതൊന്നും വിഘാതമാകില്ലെന്ന് ഇത്തവണ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ എന്തായാലും തെരഞ്ഞെടുപ്പ് വരെ ഐക്യരഥം ഉന്തിത്തള്ളി നീക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാം ദിവസങ്ങൾക്കൊണ്ട് തകർന്നുവീണു. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ ഐക്യത്തെ കരുതലോടെയാണ് കണ്ടതും വിലയിരുത്തിയതും.
പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഐക്യത്തിൽനിന്നു പിന്മാറാൻ എൻഎസ്എസിനെ പ്രരിപ്പിച്ചതെന്നാണ് കരുതുന്നത്.
1. സമദൂരത്തിലെ വിള്ളൽ
രാഷ്ട്രീയ കക്ഷികളോട് സമദൂരം പുലർത്തുക എന്നത് എൻഎസ്എസിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ, പൊതുവേ ഇടതുപക്ഷത്തോടു ആഭിമുഖ്യം പുലർത്തുന്ന പരസ്യനിലപാടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുലർത്തുന്നത്. അതേസമയം, അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് എന്ന പാർട്ടിയുമായി എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയുമാണ്. ഇങ്ങനെ രാഷ്ട്രീയ സമീപനങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സാമുദായിക സംഘടനകളും ഐക്യത്തിലേക്കു വരുമ്പോൾ എൻഎസ്എസിന് അതിന്റെ സമദൂരമെന്ന പ്രഖ്യാപനം പിന്നെ ആർജവത്തോടെ പറയാൻ കഴിയാതെ വരുമെന്നു പലരും ചൂണ്ടിക്കാട്ടി. പിന്മാറുന്നതാണ് എൻഎസ്എസിന്റെ പ്രഖ്യാപിത മൂല്യങ്ങൾക്കു നല്ലതെന്ന് അഭിപ്രായത്തിന് അതോടെ മുൻതൂക്കം ലഭിച്ചു.
2. രാഷ്ട്രീയക്കുരുക്ക്
രണ്ടു സംഘടനകളുടെ നേതാക്കളും ഐക്യത്തെക്കുറിച്ചു വാചാലമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കൂട്ടായി വിമർശനങ്ങൾ ഉന്നയിച്ചത് ഐക്യത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംശയത്തിലാഴ്ത്തി. വി.ഡി. സതീശനും അതുവഴി യുഡിഎഫിനും എതിരായ സംഖ്യമായിട്ടാണ് ഇരു സംഘടനകളുടെയും ഐക്യമെന്ന പ്രതീതി പൊതുസമൂഹത്തിൽ ഉയർന്നു. ഐക്യത്തെ ഇടതുപക്ഷം ഹാർദമായി സ്വാഗതം ചെയ്തത് ഈ ചിന്തയ്ക്ക് ആക്കംകൂട്ടി. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ നിറഞ്ഞതോടെ ഏതെങ്കിലും വ്യക്തികൾക്ക് എതിരല്ല ഐക്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിക്കു വിശദീകരിക്കേണ്ടിവന്നു. പക്ഷേ, ഇതു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. സംഘടനയ്ക്ക് ഉള്ളിൽ തന്നെ ഐക്യത്തിനെതിരേ സമ്മർദം ശക്തമായി. വിവിധ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവർ ചേർന്നു പ്രവർത്തിക്കുന്ന സമുദായം ഏതെങ്കിലും കക്ഷികൾക്ക് എതിരാണെന്നു മുദ്രകുത്തപ്പെടുന്നത് നല്ലതല്ല എന്ന അഭിപ്രായം ശക്തിപ്പെട്ടു.
3. സാമുദായിക ഐക്യം
മറ്റു സമുദായങ്ങൾക്കെതിരേ തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തുന്ന വെള്ളപ്പാള്ളി നടേശനുമായി കൈകോർക്കുന്നത് എൻഎസ്എസ് തുടർന്നുവരുന്ന അന്തസിനും മൂല്യങ്ങൾക്കും നിരക്കുന്നതല്ലെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങളെയും മാനിക്കുകയും അവരോടു മാന്യമായി ഇടപെടുകയും ചെയ്യുന്ന പാരമ്പര്യമാണ് എൻഎസ്എസിന് ഉള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായം അടക്കമുള്ളവരെ തുടർച്ചയായി ഇകഴ്ത്തി സംസാരിക്കുന്ന ഒരാളുമായുള്ള കൂട്ടുകെട്ട് സംഘടനയുടെ സത്പേരിനു കളങ്കം ചാർത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.
4. ഗൂഢനീക്കമോ?
എൻഎസുംഎസും എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ തുടർചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ച നടപടിയാണ് എൻഎസ്എസിനെ അലോസരപ്പെടുത്തിയ മറ്റൊരു ഘടകം. അനുജനപ്പോലെ തുഷാറിനെ പെരുന്നയിലേക്ക് സ്വീകരിക്കുമെന്നൊക്കെ ആദ്യ ഘട്ടത്തിൽ പ്രസ്താവന വന്നെങ്കിലും എൻഡിഎ ഘടകകക്ഷിയുടെ നേതാവ് എന്ന നിലയിൽ അറിയപ്പെടുന്നയാളുമായി ഐക്യ ചർച്ച നടത്തിയാൽ അതു സംഘടനയുടെ സമദൂര സിദ്ധാന്തത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്ക എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ ശക്തമായിരുന്നു. ഐക്യത്തിന്റെ ഗുണഭോക്താവായി മാറാൻ എൻഡിഎ നടത്തുന്ന വളഞ്ഞ വഴിയാണോയെന്ന ഇതെന്ന സംശയവും ബലപ്പെട്ടു.
5. പത്മ പുരസ്കാരവും?
ഐക്യനീക്കം നടക്കുന്നതിനിടെ വെള്ളാപ്പള്ളി നടേശനു പത്മഭൂഷൻ പുരസ്കാരം കൂടി ലഭിച്ചതോടെ ഐക്യം സാധ്യമാക്കിയാൽ അതിന്റെ തിളക്കവും ക്രഡിറ്റും വെള്ളാപ്പള്ളി സ്വന്തമാക്കുമെന്നും എൻഎസ്എസ് മങ്ങിപ്പോകുമെന്നും സംഘടനയിൽ അഭിപ്രായം ഉയർന്നിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പുരസ്കാര പ്രഖ്യാപനത്തിലുള്ള സംഘടനയുടെ അതൃപ്തിയും നിഴലിച്ചെന്ന സംശയവും പലർക്കുമുണ്ട്. കേരള രാഷ്ട്രീയം ആകെ കലങ്ങിമറിയുന്ന സാഹചര്യത്തിൽ അതിൽ പക്ഷം പിടിച്ചെന്ന ആക്ഷേപത്തിലേക്കു സംഘടനയെ കൊണ്ടുപോകുന്നത് ഉചിതമാകില്ല എന്ന അഭിപ്രായവും ഇതിനൊപ്പം ശക്തമായി ഉയർന്നു.
അന്നു പൊളിഞ്ഞ ഐക്യം
ഇതിനുമുമ്പുള്ള ഐക്യത്തിന് 13വയസാകുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ഐക്യനീക്കം സംഭവിച്ചത്. 2013 ഏപ്രില്‍ മാസത്തിലായിരുന്നു അന്നത്തെ ഐക്യത്തിനു തുടക്കമിട്ടത്. എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്ടാണ് അന്നത്തെ ഐക്യത്തിന് ആഹ്വാനം നടത്തിയത്. അത് 2013 ഏപ്രില്‍ 13നായിരുന്നു.
അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുകയാണെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഭരണമാണ് നടക്കുന്നതെന്നും ആരോപണമുയര്‍ത്തിയായിരുന്നു ഐക്യ സന്നാഹം.
അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍, സംവരണ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അധിക നാള് നീണ്ടില്ല.
എല്ലാം പെട്ടെന്ന്
കഴിഞ്ഞ ബുധനാഴ്ച കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്‍എസ്എസുമായി യോജിക്കാന്‍ തയാറാണെന്ന പ്രഖ്യാപനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി സര്‍വാത്മനാ സ്വാഗതം ചെയ്തതോടെയാണ് ഇത്തവണത്തെ ഐക്യനീക്കം സജീവമായത്.
എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കു കോട്ടംതട്ടാതെ എസ്എന്‍ഡിപിയുമായുള്ള ഐക്യം യാഥാര്‍ഥ്യമാകുമെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ബുധനാഴ്ച എന്‍എസ്എസ് ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ചാനല്‍ വാര്‍ത്തകളില്‍ വീക്ഷിച്ച ശേഷമാണ് സുകുമാരന്‍ നായര്‍ അന്നു പ്രതികരിച്ചത്.
ചര്‍ച്ചയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളി പെരുന്നയില്‍ എത്തുമെത്തുമ്പോള് രാഷ്ട്രീയക്കാരനായി കാണാതെ വെള്ളാപ്പള്ളിയുടെ മകനായും എസ്എന്‍ഡിപിയുടെ നേതാവായും തന്റെ അനുജനായും കരുതി സ്വീകരിക്കുമെന്നും അന്നു സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എസ്എന്‍ഡിപിയുമായി ഐക്യമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ വന്നതിനു ശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് യോജിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തുഷാര്‍ വരാന്‍ വൈകി. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യത്തെ അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഐക്യനീക്കം തിടുക്കത്തിലായിരുന്നെങ്കിൽ അതു പൊളിഞ്ഞത് അതിനേക്കാൾ വേഗത്തിലായിരുന്നു.
Kerala
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞു.
'പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല'.
'ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക, ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു'- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി. ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി ഉന്നംവച്ചല്ലെന്നും തുഷാർ പറഞ്ഞു. സതീശന്റെ പ്രസ്താവനകൾ അനാവശ്യമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും തുഷാർ വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകളും മൂന്നാംപിണറായി സർക്കാർ വരുമെന്ന് പറഞ്ഞതും വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയെ പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നത്. മുഖ്യമന്ത്രി വന്ന് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരും. പിണറായിയുടെ അടുത്ത് പത്തി താഴ്ത്തുമെന്നും അല്ലാതെ എവിടെ പോകാനാണെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ ?. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം.
കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം.
സിപിഎം – ബിജെപി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്. ബിനോയ് വിശ്വം പറഞ്ഞതിൽ ഒരു കഥയില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ടെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഈ പ്രശ്നങ്ങളൊന്നും രാഷ്ട്രീയക്കാർ കാണുന്നില്ല. തിരഞ്ഞെടുപ്പിൽ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ് പാർട്ടികൾക്ക്.
ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്?. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്.
മന്ത്രിയും സർക്കാരും എന്തിന് രാജി വയ്ക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോൾ.
കടപ്പുറത്ത് പോയി കാള കുത്തിയതിന് വീട്ടിൽ വന്നു അമ്മയെ തല്ലരുത്. കോടതി എല്ലാം കണ്ടു പിടിക്കും. പുണ്യാളൻമാരൊക്കെ പാപികളാണെന്ന് തെളിയട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മുഖപത്രമായ "യോഗനാദം' പുതിയ ലക്കം എഡിറ്റോറിയലിലാണ് വിമർശനം.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.
ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെയും രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ലേഖനത്തിൽ ഉയർത്തുന്നത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിയെപോലുള്ള ആദർശധീരന്മാരായ ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ?. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക.
സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നാണ് കെ.എം. ഷാജിയുടെ ന്യായീകരണം. അന്തസുണ്ടെങ്കിൽ അദ്ദേഹം കുമ്പിടി കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവച്ച് മുസ്ലിങ്ങൾക്കുവേണ്ടി സംസാരിക്കണം. അതാണ് മിനിമം മര്യാദയെന്നും വെള്ളാപ്പള്ളി പറയുന്നു.
സമ്പന്നരായ മുസ്ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്. അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങൾ. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗ് എന്ന് തിരിച്ചറിയണം എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്ലിം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ പറഞ്ഞു.
Kerala
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാല്‍ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യന് ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോള്‍ ഭഗവാനായ ഗണേശന് അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി. എന്നാല്‍ അച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചനാണ് ഈ ഗണേശന്. തന്തയ്ക്കിട്ട് പാരവച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണ്. അമ്മയ്ക്കിട്ടും പെങ്ങള്‍ക്കിട്ടും പാരവച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്കാരമാണ്. എല്ലാവര്ക്കും ഒരേ സംസ്കാരമല്ല. ആ സംസ്കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ ലെവലല്ല എന്റെ ലെവല്‍. ഇത്തിരി കൂടിയ ലെവലാണ് തന്റേത്. പ്രായവും പക്വതയുമില്ലാതെ, കള്‍ച്ചറില്ലാതെ പലരും പലതും സംസാരിക്കും. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. ആ ലെവലിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലീം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും സംസ്ഥാനത്ത് മുസ്ലീം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്ലീം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.
മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് തന്നെ വേട്ടയാടി. മുസ്ലീം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്ലീം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തില്‍ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഒരു കാലത്ത് ജനങ്ങളെ വളര്‍ത്താനും ഉയര്‍ത്താനും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്. ശങ്കര്‍ ഉള്‍പ്പെടെയുള്ള മഹാന്മാര് നയിച്ച കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് അപ്രസക്തമായി മാറിയിരിക്കുകയാണ്.
കുറേപ്പേര് കേരള കോണ്‍ഗ്രസിലേക്കും കുറേ ബിജെപിയിലേക്കും പോയപ്പോള്‍ കോണ്‍ഗ്രസ് ശോഷിച്ചപ്പോള്‍, ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുസ്ലീം സംഘടനകള്‍ വളര്‍ന്നു.
രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനമുണ്ട്. ഈഴവരായ ആരു വന്നാലും വളരാന്‍ അനുവദിക്കില്ല. വി.എസ്. അച്യുതാനന്ദനെയും ഗൗരിയമ്മയെയും പിണറായി വിജയനെയും പറ്റി എന്തൊക്കെയാണ് പറഞ്ഞത്.
അച്യുതാനന്ദനെ ജാതി പറഞ്ഞ് ആക്ഷേപിച്ചില്ലേ. മറ്റു സമുദായക്കാര്‍ പലരും മന്ത്രിമാരായിട്ടുണ്ടല്ലോ. അവരെക്കുറിച്ചെന്താണ് ആരും പറയാത്തത്. ഇപ്പോള്‍ ദേവസ്വം മന്ത്രി വാസവന് രാജിവയ്ക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഗണേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്.
സമുദായംഗങ്ങളെ വളരാനും വളര്‍ത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളര്‍ത്താനും അനുവദിക്കുന്നില്ല. ഈഴവര്‍ ഒരു കാരണവശാലും രാജ്യം ഭരിക്കരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകും. വിജയന് എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന് എന്നാണെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണെന്നും വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി ശിവഗിരി യുണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി വെള്ളാപ്പള്ളി നടേശന് നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി.എൻ. വാസവൻ പറഞ്ഞു.
തുടര്‍ച്ചയായി മുന്ന് പതിറ്റാണ്ടുകളോളം ഒരു സംഘടനയെ നയിച്ച് ചോദ്യം ചെയ്യാനാകാത്ത സംഘിയായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ വ്യക്തിയാണ് വെള്ളാപ്പള്ളിയാണെന്നും വാസവന് കൂട്ടിച്ചേർത്തു.
ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചു. ട്രാക്ക് തെറ്റിയാണ് എസ്എൻഡിപി യോഗത്തിലേക്ക് വന്നത്. വി.എസ്. അച്യുതാനന്ദനുൾപ്പടെ തന്നെ പ്രേരണയായതാണ് പ്രസ്ഥാനത്തെ ചേർത്ത് പിടിക്കാൻ കാരണം. താൻ പൊതുപ്രവർത്തനം തുടങ്ങുമ്പോൾ തന്റെ സമുദായം എവിടെ കിടക്കുന്നു എന്നെനിക്ക് അറിയാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.